കൃഷ്ണൻ നായർ (ജീവിതകാലം: ജൂലൈ 25, 1939 - നവംബർ 16, 1980) ഒരു പ്രമുഖനായ മലയാള സിനിമാ അഭിനേതാവും നാവിക ഓഫീസറും, സ്റ്റണ്ട് നടനും, 1970 കളിലെ കേരളത്തിൻറെ സാംസ്കാരികചിഹ്നവും ആയിരുന്നു. ഏകദേശം 120-ലധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രധാനമായും ഒരു ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഏതാനും ചിത്രങ്ങളിൽ സ്വഭാവ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹം തന്റേതായ പൊരുഷഭാവങ്ങൾക്കും അതുല്യമായ അഭിനയ ശൈലിയ്ക്കും പ്രശസ്തനായിരുന്നു. അതിസങ്കീർണ്ണമായ സാഹസിക രംഗങ്ങളിൽ അവയുടെ അപകടസ്വഭാവം ഗൌനിക്കാതെ തന്മയത്വമായ പ്രകടനം കാഴ്ചവയ്ക്കുന്നതിലായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ മികവ്. 1970 കളുടെ അന്ത്യപാദങ്ങളിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടനായി പ്രശസ്തി നേടിയ അദ്ദേഹത്തെ മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്ന വിശേഷണം തേടിവന്നു. അദ്ദേഹത്തിന്റെ യഥാർഥ പേര് കൃഷ്ണൻ നായർ എന്നായിരുന്നു. കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയൻ.